കാനഡയിൽ പരിശീലനപ്പറക്കലിനിടെ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി വിദ്യാർഥിയടക്കം രണ്ട് പേർ മരിച്ചു

0 min read
Spread the love

മാനിട്ടോബ: കാനഡ മാനിട്ടോബയിൽ പരിശീലനപ്പറക്കലിനിെട ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി ഫ്ലയിങ് സ്കൂൾ വിദ്യാർഥിയടക്കം രണ്ടുപേർ മരിച്ചു. തൃപ്പൂണിത്തുറ സ്റ്റാച്ച്യൂ ന്യൂറോഡ് കൃഷ്ണ എൻക്ലേവ് 1എയിലെ ശ്രീഹരി സുകേഷും (23) കാന‍ഡ സ്വദേശിയായ സാവന്ന മേയ് റോയ്സുമാണ് (20) മരിച്ചത്.

ചൊവ്വാഴ്ച വിമാനം പറത്തൽ പരിശീലനത്തിനിടെ മറ്റൊരു പരിശീലന വിമാനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. രണ്ട് സെസ്ന വിമാനങ്ങളിലും പൈലറ്റുമാർ മാത്രമാണുണ്ടായിരുന്നത്. സ്വകാര്യ പൈലറ്റ് ലൈസൻസ് നേടിയ ശ്രീഹരി കമേഴ്സ്യൽ ലൈസൻസിനുള്ള പരിശീലനത്തിലായിരുന്നു. സ്വകാര്യ പൈലറ്റ് ലൈസൻസിനുള്ള പരിശീലനത്തിലായിരുന്നു സാവന്ന.

വിമാനം ടേക്ക് ഓഫ് ചെയ്യാനും ലാൻഡ് ചെയ്യാനും പരിശീലിക്കുന്നതിനിടെയായിരുന്നു അപകടം. ഇരുവരും നിയന്ത്രിച്ചിരുന്ന ചെറു പരിശീലന വിമാനം പരസ്പരം മുഖാമുഖം വരികയായിരുന്നു.

ഒരേസമയം പറന്നിറങ്ങാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ട്. ആശയവിനിമയ സംവിധാനങ്ങളിലെ പിഴവുമൂലം രണ്ട് പൈലറ്റുമാർക്കും എതിർദിശയിലെത്തിയ വിമാനം കാണാനായില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. പരിശീലന കേന്ദ്രത്തിന്റെ എയർ സ്ട്രിപ്പിൽ നിന്ന് 50 മീറ്റർ മാറി വിന്നിപെഗ് എന്ന സ്ഥലത്താണ് വിമാനങ്ങൾ പതിച്ചത്. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

You May Also Like

More From Author

+ There are no comments

Add yours