ബിസിനസ്സുകാരെയും, സംരഭകരെയും സ്വാ​ഗതം ചെയ്യ്ത് യുഎഇ; 180 ദിവസത്തെ സന്ദർശക വിസ അനുവദിക്കും

0 min read
Spread the love

അബുദാബി: യുഎഇയുടെ ബിസിനസ് അവസരം പ്രയോജനപ്പെടുത്തുന്നതിന് നിക്ഷേപകർക്കും സംരംഭകർക്കും 180 ദിവസത്തെ സന്ദർശക വിസ അനുവദിച്ച് യുഎഇ.

ലോകമെമ്പാടുമുള്ള നിക്ഷേപകർ, സംരംഭകർ എന്നിവർക്ക് പുറമെ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾ, ബിസിനസ് ഫിനാൻഷ്യർമാർ എന്നിവർക്കും ഇത് പ്രയോജനപ്പെടുത്താമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. ബിസിനസ് ആവശ്യങ്ങൾക്കുള്ള ഈ സന്ദർശന വിസ, അംഗീകൃത ആവശ്യകതകളെയും യോഗ്യതയുള്ള തൊഴിലുകളെയും അടിസ്ഥാനമാക്കിയായിരിക്കും അനുവദിക്കുക.

ഒറ്റ സന്ദർശനത്തിനോ ഒന്നിലധികം സന്ദർശനങ്ങൾക്കോ യുഎഇയിലേക്ക് യാത്ര ചെയ്യാൻ അനുമതിയുണ്ടാവും. യുഎഇയിൽ പരമാവധി 180 ദിവസം താമസിക്കാം. വിസക്കായി അപേക്ഷിക്കുന്നതിന് നാല് നിബന്ധനകൾ പാലിക്കണമെന്ന് അതോറിറ്റി ഊന്നിപ്പറഞ്ഞു.

  • അപേക്ഷകൻ യുഎഇയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന മേഖലയിൽ യോഗ്യതയുള്ള ഒരു പ്രൊഫഷണലായിരിക്കണം
  • ആറ് മാസത്തിൽ കൂടുതൽ സാധുതയുള്ള പാസ്‌പോർട്ട് ഉണ്ടായിരിക്കണം
  • യുഎഇയിലെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കണം
  • സ്ഥിരീകരിച്ച മടക്കയാത്ര ടിക്കറ്റ് ഉണ്ടായിരിക്കണം

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുന്ന നൂതനമായ പദ്ധതികൾ ആരംഭിക്കാനും ഭാവി കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്ന സംരംഭകരെയും നിക്ഷേപകരെയും മൂലധന ഉടമകളെയും ആകർഷിക്കുന്നതിനായി യുഎഇ സമഗ്രമായ സേവന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്‌സ് സെക്യൂരിറ്റിയുടെ ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി ഊന്നിപ്പറഞ്ഞു.

യുഎഇ ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, നിയമ ചട്ടക്കൂടുകൾ, ബിസിനസ് വിജയവും വികാസവും പ്രാപ്തമാക്കുന്ന മത്സരാധിഷ്ഠിത ലോജിസ്റ്റിക്കൽ സേവനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ഒന്നിൽ കൂടുതൽ സന്ദർശനം അനുവദിക്കുന്ന 60,90,120 ദിവസം കാലാവധിയുള്ള വിസയും അനുവദിക്കും. ആകെയുള്ള ദിവസം 180ൽ കവിയാൻപാടില്ല

You May Also Like

More From Author

+ There are no comments

Add yours